
തൊണ്ണൂറ്റി ഒൻപതു ശതമാനം മാതാ പിതാക്കളും തെറാപ്പിസ്റ്റുകളും ഭിന്നശേഷിക്കാരായ വ്യക്തികളോട് വളരെ ഉച്ചത്തിലോ അല്ലെങ്കിൽ പല തവണ ഒരേ നിർദേശങ്ങൾ പറയുന്നത് കാണാനിടയാകാറുണ്ട് .യഥാർത്ഥത്തിൽ ഇതിന്റെ ആവശ്യമുണ്ടോ?
നമ്മൾ ഒരു പക്ഷെ ചിന്തിക്കുന്നത് ഞാൻ ആദ്യം പറഞ്ഞത് അവൻ കേൾക്കാത്തത് കൊണ്ടാകാം, അല്ലെങ്കിൽ അവൻ ചെയ്യുന്നത് വരെ ഞാൻ ആവർത്തിച്ചില്ലെങ്കിൽ അവൻ അനുസരിക്കാൻ പോകുന്നില്ല എന്നൊക്കെ ആയിരിക്കാം. സത്യത്തിൽ കേൾവിക്ക് പ്രശ്നമില്ലാത്തിടത്തോളം ഉച്ചത്തിൽ സംസാരിക്കുന്നതു കൊണ്ട് ഒരു ഉപകാരവും ഇല്ല. ഒരേ നിർദ്ദേശം പല തവണ പറയുന്നതിലൂടെ പ്രത്യേകിച്ച് ഒരു ഉപകാരം തരുന്നില്ലെന്നതിനുപരി ഭിന്ന ശേഷിയുള്ള വ്യക്തിയെ അപമാനിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളെ നമ്മൾ, ഒരു പ്രത്യേക സ്വരത്തിൽ സംസാരിക്കുമ്പോൾ മാത്രം പ്രതികരിക്കാനാണ് പഠിപ്പിക്കുന്നത്. ഒരേ നിർദ്ദേശം നാലു തവണ പറയുമ്പോൾ, എന്നോട് ആരെങ്കിലും നാല് തവണ പറഞ്ഞാലേ ഞാൻ അനുസരിക്കേണ്ടതുള്ളൂ എന്നായിരിക്കും ഈ വ്യക്തി മനസ്സിലാകുന്നത്.
ചില ഉദാഹരണങ്ങളിലൂടെ നമുക്ക് പോകാം.
"അജയ് ഭിന്നശേഷിക്കാരനായ കുട്ടിയാണ്. അവന്റെ അമ്മ ഉറക്കെ ഓരോ നിർദ്ദേശങ്ങളും അവനോട് പറയുന്നു. എന്നാൽ അമ്മ മറ്റെല്ലാവരോടും സാധാരണ സ്വരത്തിൽ സംസാരിക്കും. അജയന്റെ അമ്മാവൻ വീട്ടിൽ വന്നപ്പോൾ അജയന്റെ അടുത്തിരിക്കുന്ന ഒരു പുസ്തകം അദ്ദേഹത്തിന് കൊടുക്കാൻ ആവശ്യപ്പെട്ടു . പുസ്തകം എന്താണെന്ന് അജയ്‌ക്കറിയാം, കൊടുക്കാനും അറിയാം, എന്നാൽ മറ്റൊരാൾ ഉറക്കെ പറഞ്ഞാൽ മാത്രമേ പുസ്തകം നൽകേണ്ടതുള്ളൂ എന്നാണ് അവൻ മനസ്സിലാക്കി വച്ചിരിക്കുന്നത്. അമ്മ അജയ്‌ക്ക് നേരെ തിരിഞ്ഞ് പുസ്തകം അമ്മാവന് നൽകണമെന്ന് പറഞ്ഞപ്പോൾ അവൻ ഉടനെ തന്നെ അത് ചെയ്തു, സംശയിക്കണ്ട , അമ്മ പതിവുപോലെ ഉറക്കെ തന്നെയാണ് അജയനോട് ഈ കാര്യം പറഞ്ഞത്.
ചില സമയങ്ങളിൽ ഭിന്ന ശേഷിക്കാരായ വ്യക്തികൾ, ചില വ്യക്തികളോട് മാത്രമോ പ്രത്യേകം സ്ഥലങ്ങളോടോ മാത്രമോ പ്രതികരിക്കാറുണ്ട്. പ്രൊഫഷണലുകൾ ഇതിനെ ജെനറലൈസേഷൻ പ്രശ്നങ്ങൾ എന്ന് വിളിക്കുന്നു. എന്നാൽ അജയന്റെ പ്രശ്നം ജെനറലൈസേഷനുപരി അവനെ പഠിപ്പിക്കുന്ന രീതിയിലുള്ള തെറ്റാണ്. ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുമ്പോൾ യഥാർത്ഥ ലോകവുമായി കഴിയുന്നത്ര സമാനതയുള്ള ഒരു അന്തരീക്ഷത്തിലാകണം പഠിപ്പിക്കേണ്ടത്. ഏതോ ഒരു വ്യക്തി ഇതേ ഉച്ചത്തിൽ നിങ്ങളുടെ കുട്ടിയോട് സംസാരിക്കുന്നതായി സങ്കൽപ്പിക്കുക, നിങ്ങൾക്കത് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ? മറ്റെല്ലാവരും തന്നോട് ഒച്ചവെച്ചും ശകാരവുമായി സംസാരിക്കുന്നു എന്ന് കുട്ടിക്ക് അറിയാമായിരിക്കും. ഒരു പക്ഷെ വ്യക്തമായി ഇതിനെതിരെ എങ്ങനെ സംസാരിക്കണം എന്ന് അറിയുമായിരുന്നെങ്കിൽ അഥവാ ഈ ബുദ്ദിമുട്ടു എക്സ്പ്രസ്സ് ചെയ്യാൻ ഉചിതമായ വാക്കുകൾ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഇതിനകം നിങ്ങളോടു അത് പറയുമായിരുന്നു. അപ്പോൾ രക്ഷിതാക്കൾ തങ്ങളോട് ദേഷ്യപെടുമ്പോൾ കുട്ടികൾ വാശിപിടിക്കുകയും "ബിഹേവിയർ" ( അത് ബിഹേവിയർ അല്ല കേട്ടോ?) കാണിക്കുകയും ചെയ്യുമ്പോൾ ആശ്ചര്യപ്പെടേണ്ട കാര്യം ഇല്ലലോ അല്ലെ? അത് ബിഹേവിയർ അല്ല, അവരുടെ പ്രതിരോധം അറിയിക്കുന്ന വഴിയാണ്.
ഇനി മറ്റൊരു കേസ് നോക്കാം. വിനീത എന്ന ഭിന്ന ശേഷിക്കാരിയായ കുട്ടിയോട് അമ്മ അവർക്കു വെള്ളം കൊടുക്കാൻ ആവശ്യപ്പെട്ടു. വിനീതയുടെ അമ്മയ്ക്ക് അവൾക്കു വെള്ളം എടുക്കാൻ അറിയാമെന്ന് ഉറപ്പായിരുന്നു. അമ്മ നിർദ്ദേശം രണ്ട് തവണ കൂടി ആവർത്തിക്കുന്നു. വിനീത അനങ്ങിയില്ല. അമ്മ ഒരിക്കൽ കൂടി ആവർത്തിച്ചു "വെള്ളം", പെട്ടന്ന് വിനീത എഴുന്നേറ്റത് വെള്ളം എടുത്തുകൊണ്ടു കൊടുത്തു. ഇവിടെ എന്താണ് സംഭവിക്കുന്നത്?
വിനീതയ്ക്ക് വെള്ളം എടുത്തുതരാൻ അറിയാം, എന്നാൽ മകൾ അത് ശ്രദ്ധിച്ചില്ല എന്നാണ് അമ്മ കരുതുന്നത്. അതേ സമയം, അമ്മയുടെ ക്ഷമ പരീക്ഷിക്കുന്നത് രസകരമായിരിക്കാമെന്നായിരിക്കും അറ്റെൻഷൻ സീകെർ ആയ വിനീത കരുതുന്നത്. അതല്ലെങ്കിൽ അമ്മ എല്ലാം എന്നോട് 3 തവണ പറയുമെന്ന് അവൾ കരുതുന്നു, മൂന്നു തവണ പറഞ്ഞാലേ ചെയ്യേണ്ടതുള്ളൂ എന്ന് കരുതുന്നു. അല്ലെങ്കിൽ എഴുന്നേറ്റു പോകാൻ അവൾക്കു മടിയായിരിക്കാം. അമ്മയുടെ ദേഷ്യം ഉച്ചിയിലെത്തുന്നത് വരെ കാത്തിരിക്കാം എന്നുമാകാം അവൾ കരുതുന്നത്.
കാരണം എന്തുതന്നെയായാലും എന്താണിതിനുള്ള പരിഹാരങ്ങൾ? ആദ്യം കുട്ടിയെ ബഹുമാനിക്കുക. അവർക്ക് എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, ഇല്ല എന്ന് പറയാൻ അവനെയൊ അവളെയോ പഠിപ്പിക്കുക. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതെ സ്വാഭാവികമായ സ്വരത്തിൽ കാര്യങ്ങൾ അവരെ പഠിപ്പിക്കുക. മറ്റുള്ളവർ നിങ്ങളോട് ഒരേ കാര്യം നാല് തവണ പറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആളുകൾ വന്ന് നിങ്ങളുടെ നേരെ പ്രത്യേക മുഖ ഭാവങ്ങൾ കാണിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ എത്രത്തോളം ആഗ്രഹിക്കുന്നില്ലയോ അത്രത്തോളം കുട്ടികളും ഈ വിവേചനങ്ങൾ നമ്മിൽ നിന്നും ആഗ്രഹിക്കുന്നില്ല.
നിങ്ങളുടെ കുട്ടി സ്വാഭാവികമായ സ്വരത്തിൽ നിർദ്ദേശം പാലിച്ചില്ലെങ്കിൽ, ഒരിക്കൽ കൂടി അത് ആവർത്തിക്കുക, എന്നാൽ ഈ സമയത്ത് അവരെ വിജയത്തിലേക്ക് നയിക്കാൻ സഹായം നൽകാൻ തയ്യാറാകുക എന്നതാണ് ഏറ്റവും ശരിയായ സമീപനം. ഉദാഹരണത്തിന്, അമ്മാവൻ അജയനോട് പുസ്തകം കൈമാറാൻ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് ആ നിർദ്ദേശം ഒരിക്കൽ കൂടി ആവർത്തിച്ച് പുസ്തകത്തിലേക്ക് ചൂണ്ടിക്കാണിക്കുകയും പുസ്തകം അദ്ദേഹത്തിന് കൈമാറാൻ ഒരു ആംഗ്യം കാണിക്കുകയും ചെയ്യാമായിരുന്നു. അതുപോലെ, വിനീതയുടെ അമ്മ രണ്ടാം തവണ നിർദ്ദേശം ആവർത്തിച്ചപ്പോൾ അടുക്കളയിലേക്ക് ചൂണ്ടിക്കാണിച്ച് സഹായം നൽകാമായിരുന്നു.
എന്നാൽ ഇവിടെ എന്താണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ? ഉത്തരം നേടാനുള്ള ആംഗ്യം (പ്രോംപ്റ്റ്) കുട്ടിയിൽ നിന്നുള്ള വിജയകരമായ പ്രതികരണമായി മാറണം, അല്ലാത്തപക്ഷം കുട്ടിയിൽ നിന്ന് വിജയകരമായ പ്രതികരണം ലഭിക്കുന്നതിന് തക്കതായ അളവിൽ സഹായം വർദ്ധിപ്പിക്കേണ്ടതുണ്ട്.
അപ്പോൾ ഇന്നത്തെ ചോദ്യത്തിലേക്ക് തിരിച്ചുവരാം. ആദ്യ നിർദ്ദേശത്തിന് ശേഷം നിങ്ങളുടെ കുട്ടിയോ വിദ്യാർത്ഥിയോ നിങ്ങളോട് ശരിയായി പ്രതികരിച്ചില്ലെങ്കിൽ നിങ്ങൾ എന്തുചെയ്യണം? ഒച്ചവെക്കണോ? ഒന്നിലധികം തവണ ആവർത്തിക്കണോ? വേണ്ട. അത് വിജയകരമായി ചെയ്യാൻ അടുത്ത ഏറ്റവും മികച്ച സഹായം നൽകുക. അല്ലെങ്കിൽ അവരെ അത് വീണ്ടും പഠിപ്പിക്കുക.
എല്ലാറ്റിനും ഉപരിയായി, ഭിന്നശേഷിക്കാരായ വ്യക്തിയും ഒരു മനുഷ്യനാണ്, ഒരു പൗരനാണെന്നും, ബഹുമാനിക്കപ്പെടാനും തുല്യമായി പരിഗണിക്കപ്പെടാനുമുള്ള എല്ലാ അവകാശങ്ങളും ഉള്ളവനാണെന്നും നാം ഓർക്കണം. അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള ത്വരയിൽ നാം അവരെ സഹായിക്കുകയാണോ? അവരെ പിന്തുണയ്ക്കുന്നുണ്ടോ? അതോ നമ്മുടെ സന്തോഷത്തിന് വേണ്ടി ദിവസവും അവരെ പരീക്ഷിക്കുകയാണോ? അവർക്ക് നിങ്ങളെ കേൾക്കാൻ കഴിയും, നിങ്ങൾ പറഞ്ഞത് അവർ അറിയുകയോ പെട്ടെന്ന് മറക്കുകയോ ചെയ്തെന്നിരിക്കാം. അപ്പോൾ നമുക്ക് കുറച്ചുകൂടി സൗമ്യമായിക്കൂടെ?
ഒച്ചവെക്കേണ്ട !!! അവർക്ക് നിങ്ങളെ കേൾക്കാൻ കഴിയും. നിങ്ങൾ പറയുന്നത് അവർ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ വീണ്ടും പഠിപ്പിക്കുക. നിർദ്ദേശങ്ങൾ ആവർത്തിച്ചതുകൊണ്ടു മാത്രം കാര്യമില്ല.
– ഒരു ബിഹേവിയറിസ്റ്റിന്റെ ഹൃദയം
Comentarios