top of page

ബിഹേവിയർ തെറാപ്പി എന്നാൽ എന്താണ്? ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇത് എങ്ങനെ ഫലപ്രദമാണ്

Writer: Ashitha AravindhAshitha Aravindh

എന്തുകൊണ്ടാണ് ഇതിനെ ബിഹേവിയർ തെറാപ്പി എന്ന് വിളിക്കുന്നത്? ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇത് ഫലപ്രദമായ ചികിത്സയാണോ?


ബിഹേവിയർ തെറാപ്പി മനഃശാസ്ത്രത്തിന്റെ ഒരു തത്വശാസ്ത്രമായ പെരുമാറ്റവാദത്തിൽ അഥവാ ബിഹേവിയറിസത്തിൽ വേരൂന്നിയതാണ്. പെരുമാറ്റം അഥവാ ഒരു വ്യക്തിയുടെ ബിഹേവിയർ പഠിക്കുകയോ മാറ്റുകയോ ചെയ്യാം എന്ന ആശയമാണ് ബിഹേവിയർ തെറാപ്പിയുടെ അടിസ്ഥാനം.

.

ഭിന്നശേഷിക്കാരായ വ്യക്തികൾ പലപ്പോഴും സാമൂഹിക പ്രായോഗിക ജീവിതത്തിൽ അനുചിതമായ പല സ്വഭാവങ്ങളും കാണിച്ചു വരുന്നു. ഈ പ്രോബ്ലം ബിഹേവിയർകൾ (പ്രശ്നമായി കാണുന്ന സ്വഭാവങ്ങൾ) ഒട്ടുമിക്കവാറും ചില കഴിവുകളുടെ അഭാവമാണ്. ബിഹേവിയർ ഇന്റെർവെൻഷനുകളിലൂടെ ഈ വ്യക്തികളെ അവർക്കില്ലാത്ത കഴിവുകൾ പഠിപ്പിക്കുന്നതിനും മെച്ചപ്പെട്ട രീതിയിൽ ജീവിക്കനായി പ്രോബ്ലം ബിഹേവിയർകൾ മാറ്റുവാനോ കുറയ്കക്കാനോ സഹായിക്കുന്നു.


ബിഹേവിയർ തെറാപ്പിക്ക് സ്വഭാവം മാറ്റാൻ കഴിയുമോ? ഇതിന് ഓട്ടിസവും മറ്റ് ടെവേലോപ്മെന്റൽ ഡിലെകൾ സുഖപ്പെടുത്താൻ കഴിയുമോ? ഇത് കുട്ടികളുടെ കൗൺസിലിംഗാണോ?


ഗവേഷണ അടിസ്ഥാനമാക്കിയുള്ള ബിഹേവിയർ പ്രോട്ടോകോളുകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പ്രായോഗികമായ കഴിവുകൾ പഠിപ്പിക്കുന്നതിനുo പ്രോബ്ലം ബിഹേവിയർ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ബിഹേവിയർ തെറാപ്പിക്ക് സാധിക്കുന്നു. പ്രായോഗികമായ കഴിവുകൾ ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ ആണ്. ദൈനംദിന പ്രവർത്തനങ്ങളായ പല്ലുതേയ്പ്, കൈ കഴുകൽ, മല - മൂത്ര വിസർജനo എന്നിവയ്ക്കുള്ള സ്വയം പര്യാപ്തത, ആശയവിനിമയം എന്നിവ ചില ഉദാഹരണങ്ങളാണ്.


ഓട്ടിസം അല്ലെങ്കിൽ മറ്റു ഡെവലൊപ്മെന്റൽ ഡിലെകൾ അസുഖങ്ങൾ അല്ല, അവസ്ഥകളാണ്. അവ പൂർണ്ണമായും പരിഹരിക്കാൻ കഴിയുന്ന വൈകല്യങ്ങളല്ല. എന്നാൽ അതിനർത്ഥം ഈ വ്യക്തികൾക്ക് ഒരിക്കലും ഒന്നും പഠിക്കാനോ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനോ കഴിയില്ലെന്നല്ല. ഒരു വ്യക്തിക്ക് എന്തെങ്കിലും ചെയ്യാൻ അറിയില്ലെങ്കിൽ, അത് എങ്ങനെ ചെയ്യണമെന്ന് അവരെ പഠിപ്പിക്കേണ്ടതാണ്. അതത്രയും എളുപ്പമാണോ? അല്ല. എങ്ങനെ പഠിപ്പിക്കണം, എത്രമാത്രം പഠിപ്പിക്കണം, എപ്പോൾ പഠിപ്പിക്കണം,അങ്ങനെ പല ചോദ്യങ്ങൾക്കും ഗവേഷണ അടിസ്ഥാനത്തിലുള്ള ഉത്തരങ്ങൾ ഉണ്ട്, അല്ലെങ്കിൽ അത്തരം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.


മനഃശാസ്ത്രത്തിലും ആധുനിക വിദ്യാഭ്യാസ മേഖലയിലും പെരുമാറ്റവാദത്തിന്റെ ഏറ്റവും വലിയ സംഭാവന, ഒബ്സർവേഷണൽ ലേർണിംഗ് , ക്ലാസിക്കൽ കണ്ടിഷനിംഗ് , ഓപ്പറന്റ് ലേണിംഗ്, തുടങ്ങിയ പഠന സിദ്ധാന്തങ്ങളായിരുന്നു. എന്നാൽ ഭിന്നശേഷിക്കാനായ ഒരു വ്യക്തിയെ പരിശീലിപ്പിക്കുന്നതിന് ഈ പഠന വിദ്യകളെ കുറിച്ചുള്ള അറിവ് മാത്രം പോരാ. അതിന് ഒരു പ്രൊഫഷണലിന്റെ സ്ഥിരവും തീവ്രവും ഡാറ്റാധിഷ്ഠിതവുമായ വിശകലന സമീപനം ആവശ്യമാണ്. അതുകൊണ്ടാണ് ഇതിനെ പഠനത്തിനും പരിശീലനത്തിനും അപ്പുറം തെറാപ്പി എന്ന് വിളിക്കുന്നത്.


ഇത് ചൈൽഡ് കൗൺസിലിംഗ് അല്ല, ചൈൽഡ് കൗൺസിലിംഗ് തികച്ചും വ്യത്യസ്തമായ ഒരു പ്രൊഫഷനാണ്. ബിഹേവിയർ അല്ലെങ്കിൽ ABA തെറാപ്പിസ്റ്റ് ക്ലയന്റുമായി ഒരു നല്ല പ്രൊഫഷണൽ ബന്ധം (റപ്പോ ) കെട്ടിപ്പടുക്കാൻ ശ്രദ്ധാലുവായിരിക്കും, എന്നാൽ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനും പ്രോബ്ലം ബിഹേവിയർകൾ കുറയ്ക്കുന്നതിനും ആയിരിക്കും.



ചുരുക്കത്തിൽ, ബിഹേവിയർ അല്ലെങ്കിൽ ABA തെറാപ്പി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ( evidence

based )ഇന്റെർവെൻഷനുകൾ ഉപയോഗിച്ച് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രോബ്ലം ബിഹേവിയർകൾ കുറയ്ക്കുന്നതിനും ഭിന്നശേഷിക്കാരായ വ്യക്തികളിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ഫലപ്രദമായ സമ്പ്രദായമാണ് ഈ തെറാപ്പി എന്ന് പല ഗവേഷണങ്ങളും പിന്തുണയ്ക്കുന്നു.


ABA തെറാപ്പി അല്ലെങ്കിൽ ബിഹേവിയർ തെറാപ്പി ഒന്നുതന്നെയാണോ? അത് നമുക്ക് അടുത്ത ബ്ലോഗിൽ ചർച്ച ചെയ്യാം.


ബിഹേവിയർ തെറാപ്പിയിലെ നിങ്ങളുടെ അനുഭവം എന്താണ്? നിങ്ങളുടെ ചിന്തകൾ പോസ്റ്റ് ചെയ്യാൻ മറക്കല്ലേ?



 
 
 

Comentarios


bottom of page